
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ സ്ഥാനാർഥികൾ അതീവ ജാഗ്രത പാലിക്കണമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നിർദേശിച്ചു. മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനിടെ സ്ഥാനാർഥികൾ തങ്ങളുടെ ബന്ധപ്പെട്ട കൗണ്ടിംഗ് സെന്ററുകളിൽ നിന്ന് യാതൊരു കാരണവശാലും പുറത്തുപോകരുതെന്ന നിർദേശമാണ് വിജയ് നൽകിയിരിക്കുന്നത്.

സ്ഥാനാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിജയ് നിർണായക നിർദേശങ്ങൾ നൽകിയത്. രാവിലെ 6 മണിക്ക് മുമ്പ് തന്നെ കൗണ്ടിംഗ് സെന്ററുകളിൽ എത്തണമെന്നും വോട്ടെണ്ണൽ നടപടികൾ മുഴുവൻ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലം പ്രഖ്യാപനത്തിന് ശേഷമുള്ള സാഹചര്യങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദേശമുണ്ട്.
വിജയിക്കുന്ന സ്ഥാനാർഥികൾ നേരിട്ട് പാർട്ടിയുടെ പനായൂർ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നും വിജയ് നിർദേശിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കുന്നതിനുമാണ് ഈ കർശന നിർദേശങ്ങൾ നൽകിയതെന്നാണ് വിലയിരുത്തൽ.
2024-ൽ രൂപീകരിച്ച തമിഴക വെട്രി കഴകം ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലുമായി സ്വതന്ത്രമായി മത്സരിച്ചിരുന്നു. ഏപ്രിൽ 23-നായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.