
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പാറശാല ഭദ്രാസന വൈദികൻ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു. പാൻക്രിയാസിലെ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (സെപ്റ്റംബർ 17) രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.

അമ്പിളികോണം ഇടവകാംഗമായ ഫാ. ബിജോയ് ഊരാളിവിള 2015 ഡിസംബർ 26-നാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് റോമിൽ നിന്ന് ലൈസൻഷിയേറ്റ് പഠനം പൂർത്തിയാക്കി.

രൂപതയുടെ ചാൻസലർ (ചാൻസലർ ഓഫ് എപ്പാർക്കിയൽ കൂരിയ), പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, കോളേജ് ഓഫ് എപ്പാർക്കിയൽ കൺസൾട്ടേഴ്സ് അംഗം എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചുവരികയായിരുന്നു. വെണ്ണിയൂർ ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു.
ശ്രദ്ധേയനായ വാഗ്മിയും മികച്ച കവിയുമായിരുന്ന ഫാ. ബിജോയ്, കേരള കത്തോലിക്കാ സഭ നടത്തിയ വിവിധ കവിതാരചനാ മത്സരങ്ങളിൽ നിരവധി തവണ സമ്മാനാർഹനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിശ്വാസിസമൂഹവും സഭാ നേതൃത്വവും അനുശോചനം രേഖപ്പെടുത്തി.