You are currently viewing പറഞ്ഞത് തിരുത്തി പി.സി. ജോർജ്; ‘തനിക്ക് കൂറ് മോദിയോട് മാത്രം’

പറഞ്ഞത് തിരുത്തി പി.സി. ജോർജ്; ‘തനിക്ക് കൂറ് മോദിയോട് മാത്രം’

പൂഞ്ഞാർ: പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ നിലപാട് തിരുത്തി പി.സി. ജോർജ്. ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നൽകിയ നാലരക്കോടിയിലധികം രൂപ പ്രാദേശിക നേതാക്കൾ തട്ടിയെടുത്തെന്നും, ഈ പണം ഉപയോഗിച്ച് ചില നേതാക്കൾ പുതിയ കാറുകൾ വാങ്ങിയെന്നും എരുമേലിയിൽ നടന്ന യോഗത്തിൽ പി.സി. ജോർജ് ആരോപിച്ചിരുന്നു.

പൂഞ്ഞാറിലെ പ്രചാരണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം 4.45 കോടി രൂപ നൽകിയെന്നും ബൂത്തുകളിൽ വിതരണം ചെയ്യേണ്ട തുക പ്രാദേശിക നേതാക്കൾ തട്ടിയെടുത്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പ് ഫണ്ട് ഉപയോഗിച്ച് നേതാക്കൾ പുതിയ കാറുകൾ വാങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.

എന്നാൽ പ്രസ്താവന വിവാദമായതോടെ പി.സി. ജോർജ് വിശദീകരണവുമായി രംഗത്തെത്തി. താൻ പറഞ്ഞത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത സജി കുരിക്കാട് അഞ്ച് പൈസ പോലും മോഷ്ടിക്കില്ലെന്നും പറഞ്ഞു. നേരത്തെ നടത്തിയ പരാമർശത്തിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു.

അതേസമയം, തനിക്ക് കൂറ് നരേന്ദ്ര മോദിയോടു മാത്രമാണെന്നും പി.സി. ജോർജ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള ആരോപണവും പിന്നീട് നടത്തിയ തിരുത്തലും ബിജെപിക്കുള്ളിൽ ചർച്ചയായിരിക്കുകയാണ്.

Leave a Reply