You are currently viewing ചാത്തന്നൂരിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം; 20 ലക്ഷം രൂപയുടെ അടിയന്തര പദ്ധതിയുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി.

ചാത്തന്നൂരിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം; 20 ലക്ഷം രൂപയുടെ അടിയന്തര പദ്ധതിയുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കൊല്ലം: ദേശീയപാത 66 വികസനത്തെ തുടർന്ന് ചാത്തന്നൂർ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ. സാങ്കേതിക വിദഗ്ധരുടെ സംഘത്തോടൊപ്പം വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് പദ്ധതി നടപ്പാക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി എം.പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയപാതയിൽ കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ തോട്ടിലേക്കും പാടശേഖരങ്ങളിലേക്കും തിരിച്ചുവിടുന്നതിനുള്ള ലിങ്ക് ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിനാണ് തുക വിനിയോഗിക്കുക. ജി.എസ്. ജയലാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ കൂടി ലഭ്യമാക്കി ആകെ 20 ലക്ഷം രൂപയുടെ അടിയന്തര നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പൊളച്ചിറ പാടശേഖരത്തിൽ നിന്ന് മഴവെള്ളം സുഗമമായി കായലിലേക്ക് ഒഴുക്കിവിടുന്നതിനായി നാല് മീറ്റർ നീളവും മൂന്ന് മീറ്റർ ആഴവുമുള്ള കലുങ്ക് നിർമിക്കണമെന്ന നിർദേശവും എം.പി ദേശീയപാത അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. പ്രദേശത്തെ ഭൂപ്രകൃതിയും നീരൊഴുക്കും പരിഗണിച്ച് ശാസ്ത്രീയമായ രൂപകൽപ്പനയും എസ്റ്റിമേറ്റും അടിയന്തരമായി തയ്യാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മഴക്കാലത്ത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുകയാണ് ലക്ഷ്യം.

ദേശീയപാത വികസനം ആരംഭിച്ചതിന് പിന്നാലെ ചാത്തന്നൂർ ജംക്‌ഷൻ, കെ.എസ്.ആർ.ടി.സി ജംക്‌ഷൻ, ഊറാംവിള തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി വെള്ളം കയറുന്നതായി പരാതിയുണ്ട്. ഇരുപത്തിയഞ്ചിലധികം കടകളെ വെള്ളക്കെട്ട് ബാധിച്ചതായാണ് വിവരം. വ്യാപാരികൾക്കും പ്രദേശവാസികൾക്കും വലിയ സാമ്പത്തിക നഷ്ടവും ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുകളും ഇതുമൂലം നേരിടേണ്ടിവരുന്നു.

തുടർച്ചയായ മഴയ്ക്കിടെ വെള്ളക്കെട്ട് രൂക്ഷമായതോടെ പുതിയ സർവീസ് റോഡുകളുടെ ചില ഭാഗങ്ങൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. റോഡ് നിർമാണത്തിലെ അപാകതകളും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളുടെ പരിമിതികളും സംബന്ധിച്ച് പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി അടിയന്തര നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള ജലനിർഗമന സംവിധാനവും ഒരുക്കേണ്ടതുണ്ട്. നിർദിഷ്ട പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയും വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് ചാത്തന്നൂരിലെ വ്യാപാരികൾക്കും കർഷകർക്കും പ്രദേശവാസികൾക്കും ആശ്വാസമാകുക.

Leave a Reply