
Qകൊല്ലം പെരുമ്പുഴയിൽ തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി ‘കൊള്ളി നിയാസ്’ എന്ന നിയാസ് പൊലീസിന്റെ പിടിയിലായി. കിളികൊല്ലൂർ ഒരുമ നഗർ നിഷാദ് മൻസിൽ സ്വദേശിയായ നിയാസിനെ കൊട്ടിയം പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഓച്ചിറയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നവംബർ 11ന് പെരുമ്പുഴ മൊയ്തീൻ മുക്കിലെ സബീറിന്റെ തട്ടുകടയ്ക്ക് നേരെയായിരുന്നു ആക്രമണം. പരിപ്പുവടയിൽ ഉപ്പ് കുറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. നിയാസും സംഘവും കടയിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും കടയുടമയെയും ജീവനക്കാരനെയും മർദിക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസിലെ കൂട്ടുപ്രതികളായ ജാക്സൺ (മുണ്ടക്കൽ), ഫൈസൽ (ഇരവിപുരം) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ നിയാസ്.

കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.