You are currently viewing പിണറായി വിജയന്റെ കസ്റ്റഡി: ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉടൻ മോചിപ്പിക്കാൻ നിർദേശം

പിണറായി വിജയന്റെ കസ്റ്റഡി: ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉടൻ മോചിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു. പിണറായി വിജയന്റെ കസ്റ്റഡി സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനും അദ്ദേഹത്തെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാനും കേരള ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടെയാണ് പിണറായി വിജയനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി. തുടങ്ങിയ നേതാക്കളും കസ്റ്റഡിയിലായതായി റിപ്പോർട്ടുകളുണ്ട്.

81 വയസ്സുള്ള പിണറായി വിജയന് കസ്റ്റഡിയിൽ ആവശ്യമായ ചികിത്സാ പരിചരണം, ഭക്ഷണം, മരുന്നുകൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡൽഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മീഷണറോടും മുഖ്യമന്ത്രി നിർദേശിച്ചു.

നേതാക്കളെ കസ്റ്റഡിയിലെടുത്തശേഷം മൂന്നര മണിക്കൂറോളം പൊലീസ് വാഹനത്തിൽ നഗരം ചുറ്റിച്ചതായുള്ള റിപ്പോർട്ടുകൾ പ്രതിഷേധത്തിന് ഇടയാക്കി. ഡൽഹി പൊലീസിന്റെ നടപടിയെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, സംഭവത്തിൽ തന്റെ നിലപാട് സമൂഹമാധ്യമത്തിലൂടെയും വ്യക്തമാക്കി.

അതേസമയം, മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്ന് വിട്ടയച്ചതായാണ് വിവരം.

Leave a Reply