
വത്തിക്കാൻ: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആത്മീയ ജീവിതത്തിലെ അസാധാരണമായ അനുഭവങ്ങൾ പുറത്തുവിട്ട് അദ്ദേഹത്തിന്റെ വ്യക്തിഗത ഡയറി. പിശാചിനെ നേരിട്ട് കണ്ടതായി തനിക്ക് അനുഭവപ്പെട്ട മൂന്ന് സംഭവങ്ങളും നരകത്തിന്റെ കവാടം കണ്ടതായുള്ള അനുഭവവും ഡയറിയിൽ ഫ്രാൻസിസ് മാർപാപ്പ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് എഡിറ്റ് ചെയ്ത ജോർജ് മരിയോ ബെർഗോളിയോയുടെ വ്യക്തിഗത ഡയറിയിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. വിശ്വാസപ്രബോധനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ തലവനാണ് കർദിനാൾ ഫെർണാണ്ടസ്.
ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പായിരുന്ന കാലത്താണ് ആദ്യത്തെ അനുഭവമുണ്ടായതെന്നാണ് ഡയറിയിലെ പരാമർശം. കാറിന്റെ ജനലിലൂടെ പിശാചിനെ കണ്ടതായും അതിന്റെ കണ്ണുകൾ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കുറിച്ചു. ഭീഷണിപ്പെടുത്തുന്നതും ഒരേസമയം പ്രലോഭിപ്പിക്കുന്നതുമായ നോട്ടമായിരുന്നു അതെന്നാണ് വിവരണം.

രണ്ടാമത്തെ സംഭവം കർമ്മലൈറ്റ് ചാപ്പലിലെ പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയായിരുന്നു. തീജ്വാലകൾ പോലെയുള്ള കണ്ണുകളോടെ തന്നെ നോക്കിയ പിശാച് അടുത്തേക്ക് വരാൻ ശ്രമിച്ചെന്നും ഭയന്ന് ജപമാല മുറുകെപ്പിടിച്ച് താൻ ഓടിമാറിയെന്നുമാണ് ഡയറിയിലെ കുറിപ്പ്.
മൂന്നാമത്തെ അനുഭവം മാർപാപ്പയായിരിക്കെ 2018 ജനുവരിയിൽ ചിലി സന്ദർശനം കഴിഞ്ഞ് റോമിൽ തിരിച്ചെത്തിയതിന് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഉണ്ടായതെന്ന് പറയുന്നു. ഒരു കൂടിക്കാഴ്ചയ്ക്കിടെ പിശാചിനെ കണ്ടതായും ‘ഇപ്പോൾ എനിക്ക് വേണ്ടതെല്ലാം ലഭിച്ചു’ എന്ന് വിജയഭാവത്തിൽ പറയുന്ന ശബ്ദം കേട്ടതായും ഫ്രാൻസിസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരി 24-ലെ കുറിപ്പിൽ ഈ അനുഭവം മനസ്സിൽ മായാത്ത അടയാളമായി അവശേഷിച്ചുവെന്നും അദ്ദേഹം എഴുതിയതായി റിപ്പോർട്ടിൽ പറയുന്നു.
നരകത്തിന്റെ കവാടം കണ്ടതായി കുറിപ്പ്
ഡയറിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഭാഗം നരകത്തെക്കുറിച്ചുള്ള പരാമർശമാണ്.
“കഴിഞ്ഞ രാത്രി ഞാൻ നരകത്തിന്റെ പ്രവേശനകവാടം കണ്ടു. പുറജാതീയ പ്രലോഭനങ്ങൾ അതിന്റെ പൂർണശക്തിയിൽ നിലകൊള്ളുകയായിരുന്നു. അടുത്തുനിന്ന് നോക്കാൻ ശ്രമിച്ചപ്പോൾ ഭയം തോന്നി. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ആയുധം പോലെ ഞാൻ ജപമാല മുറുകെപ്പിടിച്ചു” എന്നായിരുന്നു കുറിപ്പ്.
നരകത്തിലേക്കുള്ള വഴിയിലേക്ക് മനുഷ്യൻ വളരെ സ്വാഭാവികമായ രീതിയിൽ വഴുതിവീഴുകയാണെന്നും അതിന്റെ കവാടത്തോട് അടുക്കുന്നത് അപകടകരമാണെന്നും തീജ്വാലകൾ പുറത്തേക്ക് വന്ന് പൊള്ളലേൽപ്പിക്കാമെന്നും അദ്ദേഹം മറ്റൊരു കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.
മരണത്തെക്കുറിച്ചുള്ള ആശങ്കയും ആത്മീയ പ്രതിസന്ധിയും
പിശാചിന്റെ ആക്രമണങ്ങൾ കൂടുതൽ ശക്തമാകുന്നതായി തോന്നിയതിനെ സ്വന്തം മരണത്തോടും ഫ്രാൻസിസ് ബന്ധപ്പെടുത്തിയിരുന്നു.
“പിശാച് ഇത്ര പരസ്യമായി ആക്രമിക്കുന്നുണ്ടെങ്കിൽ എന്റെ ജീവിതത്തിന് ഇനി അധികം സമയമില്ലെന്നും എന്നെ ഇരയാക്കാനാണ് അവന്റെ ശ്രമമെന്നും” അദ്ദേഹം ഡയറിയിൽ കുറിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2021 ജനുവരി മുതൽ 2022 ക്രിസ്മസ് വരെയുള്ള കാലഘട്ടത്തിൽ ഫ്രാൻസിസ് കടുത്ത ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയതായും ഡയറി വെളിപ്പെടുത്തുന്നു. അധികാരം പ്രയോഗിക്കുമ്പോൾ ദൈവഹിതത്തിന് വിരുദ്ധമായി പ്രവർത്തിച്ചുപോകുമോ എന്ന ഭയവും അധികാരത്തോടുള്ള പ്രലോഭനവുമായിരുന്നു ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് കർദിനാൾ ഫെർണാണ്ടസ് വിശദീകരിക്കുന്നു.
പ്രാർത്ഥനയിലൂടെയും ദൈവത്തിന്റെ കരുണയിലുള്ള പൂർണമായ വിശ്വാസത്തിലൂടെയുമാണ് അദ്ദേഹം ഈ പ്രതിസന്ധിയെ മറികടന്നതെന്നും കർദിനാൾ പറയുന്നു.
ഫാത്തിമയിലെ മാതാവുമായുള്ള ആത്മീയ അനുഭവം
2023 ഓഗസ്റ്റിൽ പോർച്ചുഗലിലെ ഫാത്തിമ സന്ദർശനവും ഫ്രാൻസിസിന്റെ ആത്മീയ ജീവിതത്തിൽ നിർണായകമായിരുന്നുവെന്ന് ഡയറി വ്യക്തമാക്കുന്നു.
2023 ഒക്ടോബർ അഞ്ചിന് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്: “ഞാൻ മാതാവിനെ നോക്കി, അപേക്ഷിച്ചു.”
അടുത്ത ദിവസം എഴുതിയ കുറിപ്പ് കൂടുതൽ ശ്രദ്ധേയമാണ്: “ഞാൻ മാതാവിനെ നോക്കി, മാതാവ് എന്നോട് സംസാരിച്ചു.”
പരിശുദ്ധ മാതാവിനോടുള്ള പ്രാർത്ഥനയിലും ആത്മീയ സംഭാഷണത്തിലുമാണ് തനിക്ക് ആശ്വാസവും കരുത്തും ലഭിച്ചതെന്ന സൂചനയാണ് ഈ കുറിപ്പുകൾ നൽകുന്നത്.
The Private Diary of Pope Francis എന്ന പേരിലുള്ള പുസ്തകം 2026 നവംബർ 24-നാണ് പ്രസിദ്ധീകരിച്ചത്. 1992 മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ജോർജ് മരിയോ ബെർഗോളിയോ സ്വന്തം ഡയറിയിൽ രേഖപ്പെടുത്തിയ കുറിപ്പുകളാണ് പുസ്തകത്തിന്റെ അടിസ്ഥാനം.
അദ്ദേഹത്തിന്റെ മരണശേഷം ഡയറി പ്രസിദ്ധീകരിക്കുന്നതിന് നിലവിലെ മാർപാപ്പ ലിയോ പതിനാലാമന്റെ അനുമതിയും ലഭിച്ചിരുന്നു. 94 രാജ്യങ്ങളിൽ അഞ്ച് ഭാഷകളിലായാണ് പുസ്തകം പുറത്തിറക്കുന്നത്.
ഫ്രാൻസിസിന്റെ വിശ്വാസജീവിതം, ഭയങ്ങൾ, ആത്മീയ പോരാട്ടങ്ങൾ, അധികാരത്തെക്കുറിച്ചുള്ള ആശങ്കകൾ, ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പ്രസിദ്ധീകരണം.