
വത്തിക്കാൻ സിറ്റി:തന്റെ ശ്വാസകോശത്തിൽ ഒരു ചെറിയ മുഴ (നോഡ്യൂൾ) കണ്ടെത്തിയതായും, വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ലിയോ പതിനാലാമൻ മാർപാപ്പ അറിയിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച ത്രികാല പ്രാർഥന (ആഞ്ചലസ്) വേളയിൽ സംസാരിക്കവെയാണ് മാർപാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. മുഴ തീർത്തും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനായെന്നും, അത് ശ്വാസകോശത്തിന്റെ ഒരു ഭാഗത്തു മാത്രമായി ഒതുങ്ങി നിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച് ഇത് നീക്കം ചെയ്യാൻ തീരുമാനിച്ചതായും, ശസ്ത്രക്രിയ ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രിയ സുഹൃത്തുക്കളേ, അടുത്തിടെ നടത്തിയ ചില വൈദ്യപരിശോധനകളിൽ എന്റെ ശ്വാസകോശത്തിൽ ഒരു ചെറിയ മുഴ ഡോക്ടർമാർ കണ്ടെത്തി. തീർത്തും പ്രാരംഭ ഘട്ടത്തിലാണ് ഇത് കണ്ടെത്തിയത്; ഇത് ഒരിടത്തു മാത്രമായി ഒതുങ്ങി നിൽക്കുന്നതുമാണ്. ശസ്ത്രക്രിയ ഉചിതമാണെന്ന് ഡോക്ടർമാർ കരുതുന്നു. അവരുടെ ഉപദേശം സ്വീകരിച്ച്, ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഞാൻ തീരുമാനിച്ചു. വരും ദിവസങ്ങളിൽ തന്നെ ശസ്ത്രക്രിയ നടക്കും. നിങ്ങളുടെ ആത്മീയ സാമീപ്യത്തിന് ഞാൻ നന്ദി പറയുന്നു; എന്നെ നിങ്ങളുടെ പ്രാർഥനകൾക്കു സമർപ്പിക്കുന്നു,” മാർപാപ്പ പറഞ്ഞു.
ആത്മീയ സാമീപ്യം അറിയിച്ച വിശ്വാസികൾക്ക് മാർപാപ്പ നന്ദി പറയുകയും പ്രാർഥന അഭ്യർഥിക്കുകയും ചെയ്തു.
ശസ്ത്രക്രിയയുടെ തീയതിയോ മറ്റു വിശദാംശങ്ങളോ അറിയിപ്പിൽ പറഞ്ഞിട്ടില്ല.