
കോഴിക്കോട്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്തമകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വിവാഹശേഷം അമ്പത് വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ വീട്ടിലായിരുന്നു ലൈല റഷീദിന്റെ താമസം. പിതാവ് പ്രേംനസീറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പുസ്തകവും അവർ രചിച്ചിട്ടുണ്ട്.

ചിറയിൻകീഴിൽ പ്രേംനസീർ നിർമിച്ച പ്രശസ്തമായ തറവാട്ടുവീടിന് മൂത്തമകളോടുള്ള സ്നേഹസൂചകമായി ‘ലൈല കോട്ടേജ്’ എന്നായിരുന്നു പേര് നൽകിയിരുന്നത്.
പരേതനായ പി. എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്) ആണ് ഭർത്താവ്. സജിത് ഖാൻ, സോജ എന്നിവർ മക്കളാണ്. നടൻ ഷാനവാസ്, റസിയ, റീത എന്നിവർ സഹോദരങ്ങളാണ്.
കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതികശരീരം വ്യാഴാഴ്ച വൈകിട്ട് നാലിന് മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ കബറടക്കും.