
കൊല്ലം: ചടയമംഗലത്തെ ജടായു എർത്ത് സെന്റർ (ജടായുപ്പാറ) പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജടായുപ്പാറയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും.
ജടായുപ്പാറയുടെ ശില്പിയും പ്രശസ്ത ശിൽപിയുമായ രാജീവ് അഞ്ചലുമായി കേന്ദ്ര ടൂറിസം മന്ത്രി ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്. ജടായു എർത്ത് സെന്ററിന്റെ ടൂറിസം സാധ്യതകൾക്കൊപ്പം ഡൽഹി ബിനാലെയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടതായാണ് വിവരം.
പ്രധാനമന്ത്രിയുടെയും കേന്ദ്ര ടൂറിസം മന്ത്രിയുടെയും സന്ദർശനങ്ങളുടെ കൃത്യമായ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.

‘രാമായണം’ സിനിമയുടെ റിലീസിന് പിന്നാലെ ജടായുപ്പാറയ്ക്ക് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ ലഭിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ സന്ദർശന നീക്കമെന്നാണ് വിലയിരുത്തൽ. ജടായുവിന്റെ ഭീമാകാരമായ ശിൽപവും പ്രകൃതിഭംഗിയും ചരിത്ര-പുരാണ പ്രാധാന്യവും കൊണ്ട് ശ്രദ്ധേയമായ ജടായു എർത്ത് സെന്ററിന് ഈ സന്ദർശനം കൂടുതൽ ടൂറിസം സാധ്യതകൾ തുറന്നുനൽകുമെന്നാണ് പ്രതീക്ഷ.