
തിരുവനന്തപുരം: കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഓഫീസുകളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രമായി നിജപ്പെടുത്തിയ ഗതാഗത കമ്മീഷണറുടെ സർക്കുലർ കേരള ഹൈക്കോടതി ശരിവെച്ചു. സർക്കുലർ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നിലവിലെ ക്രമീകരണം തുടരാൻ വഴിയൊരുങ്ങിയത്.

WP(PIL) No.112/2026 കേസിൽ വിധി പ്രസ്താവിച്ച ഹൈക്കോടതി, പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും നേരിട്ട് സമർപ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും ഭരണനിർവഹണവും ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് ഈ ക്രമീകരണം കൊണ്ടുവന്നതെന്ന് നിരീക്ഷിച്ചു. ഓഫീസ് പ്രവർത്തന സമയം നിശ്ചയിക്കുന്നത് ഭരണപരമായ അധികാരത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി.
പൊതുജനങ്ങളുടെ നേരിട്ടുള്ള സന്ദർശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഓഫീസ് പ്രവർത്തനസമയമൊട്ടാകെ ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാണെന്ന വസ്തുതയും കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. സർക്കുലറിൽ നിയമവിരുദ്ധമോ യുക്തിരഹിതമോ സ്വേച്ഛാധിപത്യപരമോ ആയ ഒന്നും കണ്ടെത്താനായില്ലെന്നും കോടതി വിലയിരുത്തി.
ഇത്തരം സാഹചര്യത്തിൽ പൊതുതാൽപര്യ ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയാണ് കോടതി ഹർജി തള്ളിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും പൊതുജന പ്രവേശന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ എന്ന ക്രമീകരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ആധാർ അധിഷ്ഠിത ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഓഫീസുകളിൽ നേരിട്ട് എത്തുകയോ അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഡിജിറ്റൽ സേവനങ്ങളുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.