
കൊല്ലം: വീടും വസ്തുവും പോക്കുവരവ് നടത്തുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. പുത്തൂർ മണ്ഡപം ജംങ്ഷന് സമീപം പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊല്ലം വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

വെണ്ടാർ സ്വദേശിയായ ഷാബു വീടും വസ്തുവും പോക്കുവരവ് ചെയ്യുന്നതിനായി കഴിഞ്ഞ മെയ് മാസത്തിലാണ് പുത്തൂർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. മുൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ആവശ്യമായ രേഖകളെല്ലാം അപേക്ഷകൻ സമർപ്പിക്കുകയും ചെയ്തിരുന്നു.

ഏകദേശം രണ്ട് മാസം മുൻപാണ് അഭിലാഷ് ആനന്ദ് പുത്തൂർ വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. നേരത്തെ പരിശോധന പൂർത്തിയാക്കിയിരുന്നെങ്കിലും സ്ഥലം വീണ്ടും പരിശോധിക്കണമെന്ന് പുതിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. തുടർന്ന് പരിശോധന നടത്തിയ ശേഷം പോക്കുവരവ് നടപടികൾ പൂർത്തിയാക്കി നൽകുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന് ലഭിച്ച പരാതി.
കൈക്കൂലി നൽകാൻ താൽപര്യമില്ലാതിരുന്ന ഷാബു വിവരം കൊല്ലം വിജിലൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളുമായി പരാതിക്കാരൻ ഉദ്യോഗസ്ഥനെ സമീപിച്ചു. പണം കൈമാറുന്നതിനിടെ കൊല്ലം വിജിലൻസ് ഡിവൈഎസ്പി ബൈജു എസ്. എസിന്റെ നേതൃത്വത്തിലുള്ള സംഘം അഭിലാഷ് ആനന്ദിനെ പിടികൂടുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ വില്ലേജ് ഓഫീസിലും ബന്ധപ്പെട്ട രേഖകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. അഭിലാഷ് ആനന്ദിനെതിരെ മുൻപും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതായും കൈക്കൂലി ആവശ്യപ്പെട്ടതായും പരാതികൾ ഉയർന്നിട്ടുണ്ടെന്ന വിവരവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.