
ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരായ അമേരിക്കക്കാരെയും ലക്ഷ്യമിട്ട് ഉയരുന്ന വംശീയ പരാമർശങ്ങളെക്കുറിച്ച് പ്രതികരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു റൂബിയോയുടെ പ്രതികരണം.

സാമൂഹ്യമാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും ഇന്ത്യക്കാരെതിരെ ഉയരുന്ന വിദ്വേഷപരമായ പരാമർശങ്ങളെ ഗൗരവത്തോടെ കാണുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ, “ഓരോ രാജ്യങ്ങളിലും മണ്ടത്തരങ്ങൾ പറയുന്ന ചിലർ ഉണ്ടാകും” എന്ന നിലപാടിലൂടെ വിഷയത്തെ അദ്ദേഹം ലഘൂകരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ സമൂഹത്തിന്റെ മുഴുവൻ മനോഭാവത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിച്ച രാജ്യമാണ് എന്നും, വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ രാജ്യത്തെ കൂടുതൽ ശക്തവും സമ്പന്നവുമാക്കിയിട്ടുണ്ടെന്നും റൂബിയോ പറഞ്ഞു. ഇന്ത്യൻ സമൂഹം ഉൾപ്പെടെ കുടിയേറ്റക്കാർ അമേരിക്കൻ സമൂഹത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു ഈ പരാമർശങ്ങൾ. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളിലെ വംശീയ പരാമർശങ്ങളും കുടിയേറ്റ വിഷയങ്ങളും വീണ്ടും ശ്രദ്ധാകേന്ദ്രമായത്.