
സിക്കിമിന് ആദ്യ റെയിൽവേ ബന്ധം ഒരുക്കുന്ന സിവോക്–റാങ്പോ റെയിൽപാത പദ്ധതിയിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. പദ്ധതിയിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ പത്താം തുരങ്കത്തിന്റെ ഖനന പ്രവൃത്തി പൂർത്തിയായതോടെ പദ്ധതിയിലെ 14 തുരങ്കങ്ങളുടെയും ഖനനം വിജയകരമായി പൂർത്തിയാക്കി.
5.3 കിലോമീറ്റർ നീളമുള്ള പത്താം തുരങ്കത്തിന്റെ ഖനനം ഇരുവശങ്ങളിൽ നിന്നും രണ്ട് പ്രവേശന തുരങ്കങ്ങൾ വഴിയും നടത്തിയതായാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്. പദ്ധതിയിലെ എല്ലാ തുരങ്കങ്ങളുടെയും ഖനന പ്രവൃത്തി പൂർത്തിയായത് സിക്കിമിന്റെ റെയിൽവേ ബന്ധം യാഥാർഥ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്.
തുരങ്കങ്ങളുടെ ഉൾഭിത്തി നിർമാണം, റെയിൽ പാളം സ്ഥാപിക്കൽ, റെയിൽവേ സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാപനം തുടങ്ങിയ ശേഷിക്കുന്ന പ്രവൃത്തികൾ ഇനി പുരോഗമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

45 കിലോമീറ്റർ നീളമുള്ള സിവോക്–റാങ്പോ ബ്രോഡ്ഗേജ് റെയിൽപാത പശ്ചിമ ബംഗാളിലെ ഡാർജിലിങ്, കലിംപോങ് ജില്ലകളിലൂടെയും സിക്കിമിലെ പാക്യോങ് ജില്ലയിലൂടെയുമാണ് കടന്നുപോകുന്നത്. സിവോകിൽ നിലവിലുള്ള ന്യൂ ജൽപായ്ഗുരി–അലിപുർദ്വാർ റെയിൽപാതയുമായി ബന്ധിപ്പിക്കുന്നതിലൂടെ സിക്കിമിനെ രാജ്യത്തെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി.
പദ്ധതി പൂർത്തിയായി പ്രവർത്തനക്ഷമമാകുന്നതോടെ സിക്കിമിന് നേരിട്ടുള്ള റെയിൽവേ ബന്ധം ലഭിക്കും. അവശ്യസാധനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനും പ്രാദേശിക വ്യാപാരികൾക്ക് വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നതിനും റെയിൽപാത സഹായിക്കുമെന്നാണ് പ്രതീക്ഷ.