
തിരുവനന്തപുരം: ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വരെ നീട്ടുന്നതിന് റെയിൽവേയുടെ അനുമതി ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ജാർഖണ്ഡിലെ ധൻബാദിനെയും കേരളത്തിലെ ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ദക്ഷിണേന്ത്യയിലേക്കുള്ള പ്രധാന ദീർഘദൂര ട്രെയിനുകളിലൊന്നാണ്. ദിവസേന സർവീസ് നടത്തുന്ന ട്രെയിൻ. ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കേരളത്തിലെത്തുന്നത്.

നിലവിൽ ആലപ്പുഴയിൽ അവസാനിക്കുന്ന സർവീസ് തിരുവനന്തപുരം സെൻട്രൽ വരെ നീട്ടുന്നതോടെ തലസ്ഥാനത്തേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.