
ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഐ.ഐ.എമ്മിൽ രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം ആരംഭിച്ചു. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ആശയങ്ങളും പുതിയ സമീപനങ്ങളും പരിശീലനത്തിലൂടെ പരിചയപ്പെടാനാകുമെന്നാണ് പ്രതീക്ഷ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലെ ഭരണനേതൃത്വം, കാലാവസ്ഥാ പ്രതിരോധം, ദുരന്തനിവാരണം, ധനകാര്യ മേഖലയിലെ നവീകരണം, പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികളും സാധ്യതകളും തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും.
വിദേശ സർവകലാശാലകളിൽ നിന്നുള്ളവരടക്കമുള്ള വിദഗ്ധർ വിവിധ സെഷനുകളിൽ ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും. കേരളത്തിന്റെ ഭരണസംവിധാനത്തെ കൂടുതൽ ആധുനികവും ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള ചർച്ചകൾക്കും പരിശീലനം വേദിയാകും.