You are currently viewing എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഗ്രാമപ്രദേശങ്ങളിലും ഇനി 25 ദിവസത്തിന് ശേഷം ബുക്കിങ്

എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഗ്രാമപ്രദേശങ്ങളിലും ഇനി 25 ദിവസത്തിന് ശേഷം ബുക്കിങ്

ന്യൂഡൽഹി: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേളയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഗ്രാമപ്രദേശങ്ങളിൽ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള കുറഞ്ഞ ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. ഇതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തുടനീളം 25 ദിവസത്തെ ഏകീകൃത ഇടവേള നിലവിൽ വരും.

നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസത്തിന് ശേഷവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തിന് ശേഷവുമായിരുന്നു ഗാർഹിക എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് സമാനമായി 25 ദിവസത്തിന് ശേഷം അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനാകും.

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ട സാഹചര്യത്തിലാണ് പൂഴ്ത്തിവെപ്പും അനാവശ്യ ബുക്കിങ്ങും നിയന്ത്രിക്കുന്നതിനായി നേരത്തെ ബുക്കിങ്ങിന് ഇടവേള ഏർപ്പെടുത്തിയത്. എന്നാൽ നിലവിൽ പാചകവാതക ലഭ്യത മെച്ചപ്പെടുകയും സിലിണ്ടർ വിതരണത്തിലെ കുടിശ്ശിക കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത്.

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പൊതുമേഖലാ എണ്ണക്കമ്പനികൾ മാറ്റം ഉടൻ നടപ്പാക്കും. ഇതോടെ ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം കൂടുതൽ സൗകര്യപ്രദമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് ബുക്കിങ് ഇടവേള കുറച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.

Leave a Reply