മസ്കത്ത്/തെഹ്റാൻ: ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ ജൂലൈ 3 മുതൽ 5 വരെയുള്ള വാരാന്ത്യത്തിൽ കപ്പൽഗതാഗതം സജീവമായി തുടർന്നതായി മറിടൈം ഇന്റലിജൻസ്&ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ കെപ്ലർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ വിവിധ തരത്തിലുള്ള ചരക്കുകപ്പലുകളും മറ്റ് വാണിജ്യ കപ്പലുകളും ഉൾപ്പെടെ ആകെ 108 സ്ഥിരീകരിച്ച കടന്നുപോകലുകൾ രേഖപ്പെടുത്തി.
റിപ്പോർട്ടനുസരിച്ച്, കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള ഗതാഗതത്തിനായിരുന്നു നേരിയ മുൻതൂക്കം. കപ്പലുകളുടെ ഭൂരിഭാഗവും ഇറാൻ, ഒമാൻ തീരപാതകളിലൂടെയാണ് സഞ്ചരിച്ചത്. അതേസമയം, അന്താരാഷ്ട്ര സമുദ്ര സംഘടന (IMO) അംഗീകരിച്ച പാതകൾക്കും തിരിച്ചറിയാനാകാത്ത ഡാർക്ക്/അൺനോൺ റൂട്ടുകൾക്കും ഇടയിലൂടെയുള്ള യാത്രകളും തുടരുന്നതായി കണ്ടെത്തി.
കപ്പൽഗതാഗതം സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും, വിവിധ പാതകളിലായി ഗതാഗതം വിഭജിക്കപ്പെടുന്നതും കപ്പൽ കമ്പനികൾ കൂടുതൽ ജാഗ്രത പാലിക്കുന്നതും സുരക്ഷാ സാഹചര്യം ഇപ്പോഴും ആശങ്കാജനകമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ഉപരോധവിധേയമായ കപ്പലുകളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. മൂന്ന് ദിവസത്തിനിടെ ഇത്തരം 14 കപ്പൽ കടന്നുപോയതായി രേഖപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് നിലവിൽ തുറന്നുകിടക്കുകയാണെങ്കിലും, ജൂൺ അവസാനത്തോടെ റിപ്പോർട്ട് ചെയ്ത ഐഎംഒ സ്ഥിരീകരിച്ച ആക്രമണങ്ങളും തിരിച്ചറിയാനാകാത്ത റൂട്ടുകളിലൂടെയുള്ള ഗതാഗതത്തിന്റെ ഉയർന്ന തോതും കാരണം സുരക്ഷാ ഭീഷണി, കപ്പൽ റൂട്ടിംഗ്, സമുദ്ര ഇൻഷുറൻസ് ചെലവ് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ സമുദ്ര മാർഗമുള്ള എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതിനാൽ ഈ മേഖലയിലെ സുരക്ഷാ സാഹചര്യം ആഗോള ഊർജവിപണിയെയും ചരക്കുകടത്തിനെയും നേരിട്ട് സ്വാധീനിക്കുന്ന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്.