
രാജ്യത്ത് വര്‍ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നും അതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളോ എഫ്‌ഐആറോ സ്വീകരിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിര്‍ണായക നിര്‍ദേശങ്ങള്‍. എബിസി (Animal Birth Control) ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
തെരുവുനായ്ക്കളെ പിടികൂടിയ സ്ഥലത്ത് വീണ്ടും തുറന്ന് വിടരുതെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന എബിസി സെന്ററുകള്‍ സ്ഥാപിക്കണമെന്നും ഉത്തരവിലുണ്ട്.
റാബിസ് പ്രതിരോധ നടപടികള്‍ക്കും സുപ്രീംകോടതി പ്രത്യേക പ്രാധാന്യം നല്‍കി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും റാബിസ് വാക്‌സിനും ഇമ്യൂണോഗ്ലോബുലിനും മതിയായ ലഭ്യത ഉറപ്പാക്കണം. നായയുടെ കടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആശുപത്രികളില്‍ പ്രത്യേക സംവിധാനങ്ങളും സജ്ജമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും മൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി റേഷനൽ ഐസ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട അപേക്ഷകള്‍ കോടതി തള്ളുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരുവുനായ ആക്രമണ കണക്കുകള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഈ നിര്‍ണായക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.