ഹരിപ്പാട്: ഊത്ത മത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് ജില്ലയിൽ പരിശോധനയും പട്രോളിംഗും ശക്തമാക്കി. പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ാം കടവ്, കരിപ്പുഴ, പനയ്ക്കൽതോട് എന്നിവിടങ്ങളിൽ നടത്തിയ വിപുലമായ ഇൻലാൻഡ് പട്രോളിംഗിൽ അനധികൃതമായി സ്ഥാപിച്ച മത്സ്യബന്ധന വലകൾ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു.
പരിശോധനയ്ക്കിടെ പുഴകളിൽ സ്ഥാപിച്ചിരുന്ന ചെറിയ കണ്ണിവലിപ്പമുള്ള നിരോധിത വലകളിൽ വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യയിനങ്ങളായ മഞ്ഞക്കൂരി, ആറ്റുവാള, പുലിവഹാൽ (വഹാവരൽ) എന്നിവ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഉദ്യോഗസ്ഥർ ഇവയെ സുരക്ഷിതമായി ജലാശയത്തിലേക്ക് തുറന്നുവിട്ടു.
മത്സ്യങ്ങളുടെയും ജലത്തിന്റെയും സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിച്ച അഞ്ച് നിർമ്മിതികൾ പൂർണമായും പൊളിച്ചുനീക്കുകയും ജലാശയങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യക്കൂടുകൾ തകർക്കുകയും ചെയ്തു. നിരോധിത വല ഉപയോഗിച്ചും ആവശ്യമായ രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ ഒരാൾക്ക് നിയമാനുസൃത നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പട്രോളിംഗിനോടനുബന്ധിച്ച് പ്രദേശവാസികൾക്ക് ഊത്ത മത്സ്യങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം, ജലാശയ ആവാസവ്യവസ്ഥയുടെ സുസ്ഥിരത, നിയമാനുസൃത മത്സ്യബന്ധനത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണവും നടത്തി. മുൻപ് നോട്ടീസ് ലഭിക്കുകയും പിഴ അടയ്ക്കുകയും ചെയ്ത വ്യക്തികൾ നിലവിൽ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ ഉറപ്പുവരുത്തിയതായും അധികൃതർ അറിയിച്ചു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീതാലക്ഷ്മി, ഫിഷറീസ് ഓഫീസർമാരായ അമൽ, ഓഫീസ് അറ്റൻഡന്റ് ചന്ദുരാജ്, അക്വാകൾച്ചർ പ്രൊമോട്ടർ സലീന, സാഗർമിത്ര ഹിലാൽ, മോട്ടിവേറ്റർ ബിന്റോ, സീ റെസ്ക്യൂ സ്ക്വാഡ് അംഗങ്ങളായ രാഹുൽ, ബാസ്റ്റിൻ, ഹരിപ്പാട് സി.പി.ഒ. ശ്രീനാത് എന്നിവർ പങ്കെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ പട്രോളിംഗ് തുടരുമെന്നും അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ കേരള ഉൾനാടൻ മത്സ്യബന്ധന അക്വാകൾച്ചർ ആക്ട്, 2010 പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. പരാതികൾ 0477 2251103 എന്ന നമ്പറിലോ സമീപത്തെ മത്സ്യഭവൻ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്.