
ആലത്തൂർ: രണ്ടാംവിള നെൽകൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ വിള–ജല കലണ്ടറും ജലവിതരണ ഷെഡ്യൂളും തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ എംഎൽഎ ടി.എം. ശശി ജലവിഭവ–ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.

നെൽകർഷകരുടെ നാടായ ആലത്തൂരിൽ രണ്ടാംവിള കൃഷി ആരംഭിച്ച സാഹചര്യത്തിൽ ഡാമുകളിലെ ജലലഭ്യത സംബന്ധിച്ച് കർഷകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളിൽ നിന്നാണ് പ്രധാനമായും മണ്ഡലത്തിലെ നെൽകൃഷിക്ക് ആവശ്യമായ ജലം ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയിൽ പോത്തുണ്ടി, മംഗലം ഡാമുകളിൽ രണ്ടാംവിള കൃഷിക്കാവശ്യമായ ജലം സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ മലമ്പുഴ ഡാമിൽ നിന്നുള്ള ജലലഭ്യത സംബന്ധിച്ച ആശങ്ക ഇപ്പോഴും തുടരുകയാണ്.

ഈ സാഹചര്യത്തിൽ കൃഷിക്ക് ആവശ്യമായ ജലം കൃത്യമായി ലഭ്യമാക്കുന്നതിന് വിള–ജല കലണ്ടറും ജലവിതരണ ഷെഡ്യൂളും തയ്യാറാക്കണം. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാലുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കേരള വാട്ടർ അതോറിറ്റിയുടെ ആലത്തൂർ പി.എച്ച് സബ് ഡിവിഷൻ ഓഫീസും പി.എച്ച് സെക്ഷൻ ഓഫീസും നിലവിൽ ആലത്തൂർ പഞ്ചായത്ത് കോമ്പൗണ്ടിലെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് പുതിയ കെട്ടിടം അടിയന്തരമായി നിർമ്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സ്വാതി ജങ്ഷനിലെ മിനി സിവിൽ സ്റ്റേഷന് സമീപം ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് വാട്ടർ അതോറിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 49 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമെന്നാണ് ആവശ്യം.
ഈ രണ്ട് പ്രധാന ആവശ്യങ്ങൾ ഉൾപ്പെടെ മണ്ഡലത്തിലെ വിവിധ വികസന വിഷയങ്ങൾ ഉന്നയിച്ചാണ് ടി.എം. ശശി എംഎൽഎ നിയമസഭയിലെ മന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് ചർച്ച നടത്തിയത്. ആവശ്യങ്ങൾ വിശദീകരിച്ചുള്ള നിവേദനവും മന്ത്രിക്ക് കൈമാറി. വിഷയങ്ങൾ പരിശോധിച്ച് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു.