You are currently viewing തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം പരമ്പരാഗത വസ്ത്രധാരണം നിർബന്ധമാക്കാൻ നീക്കം

തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം പരമ്പരാഗത വസ്ത്രധാരണം നിർബന്ധമാക്കാൻ നീക്കം

പുരുഷന്മാർ മുണ്ടും ഷർട്ടും ധരിക്കണം; സ്ത്രീകൾക്ക് സാരി; മന്ത്രിമാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും നിയമം ബാധകം

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാർക്കായി ആഴ്ചയിൽ ഒരു ദിവസം പരമ്പരാഗത വസ്ത്രധാരണം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നു. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിക്കുമ്പോൾ സ്ത്രീകൾ സാരി ധരിക്കണമെന്നതാണ് നിർദേശത്തിന്റെ പ്രധാന സവിശേഷത. മന്ത്രിമാർ മുതൽ സെക്രട്ടേറിയറ്റിലെ ജീവനക്കാർ വരെയുള്ളവർക്ക് ഈ നിർദേശം ബാധകമാക്കാനാണ് ആലോചന.

നവംബർ ഒന്നിന് ചെന്നൈയിൽ നടന്ന തമിഴ്‌നാട് ദിനാഘോഷച്ചടങ്ങിൽ തമിഴ് വികസന മന്ത്രി എ. രാജ്മോഹനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വിജയ് പതിവായി പരമ്പരാഗത വസ്ത്രം ധരിക്കുന്നതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

പരമ്പരാഗത വസ്ത്രധാരണത്തിന് പ്രോത്സാഹനം നൽകുന്നതിനൊപ്പം സംസ്ഥാനത്തെ കൈത്തറി മേഖലയ്ക്കും നെയ്ത്തുതൊഴിലാളികൾക്കും പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ ജീവനക്കാർക്കിടയിൽ തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകവും പരമ്പരാഗത വസ്ത്രശൈലിയും കൂടുതൽ പ്രചരിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

അതേസമയം, സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തമിഴ് സംഘവും രൂപീകരിക്കും. നിലവിൽ പ്രവർത്തിക്കുന്ന വിവിധ തമിഴ് സംഘടനകളെ ഇതിന്റെ കീഴിൽ ഏകോപിപ്പിക്കാനാണ് തീരുമാനം. തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും കലയുടെയും പ്രചാരണത്തിനായിരിക്കും സംഘത്തിന്റെ പ്രവർത്തനം.

കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തമിഴ് ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി ലോക തമിഴ് സമ്മേളനം സംഘടിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

പരമ്പരാഗത വസ്ത്രധാരണ ദിനം ഏത് ദിവസമായിരിക്കും, എപ്പോൾ മുതൽ നടപ്പാക്കും തുടങ്ങിയ കാര്യങ്ങളിൽ അന്തിമ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply