You are currently viewing ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയുന്നു

ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയുന്നു

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. നിലവിലെ കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹം 2027 ഫെബ്രുവരി 20ന് ശേഷം പുനർനിയമനത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കി. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന ടാറ്റാ സൺസിന്റെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നിർണായക തീരുമാനം.

അഞ്ച് വർഷത്തേക്ക് കൂടി ചന്ദ്രശേഖരന്റെ കാലാവധി നീട്ടാൻ ദൊറാബ്ജി ടാറ്റ ട്രസ്റ്റും രത്തൻ ടാറ്റ ട്രസ്റ്റും ശുപാർശ ചെയ്തിരുന്നു. എന്നാൽ ഫെബ്രുവരി 24ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ ഒരു ബോർഡ് അംഗം പിന്തുണ നൽകാതിരുന്നതോടെ നിർദേശം ഏകകണ്ഠമായി മുന്നോട്ടുപോകാനായില്ല. ഏകകണ്ഠമായ പിന്തുണയില്ലാത്ത സാഹചര്യത്തിലാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി.

ടാറ്റാ സൺസും ടാറ്റാ ട്രസ്റ്റുകളും തമ്മിലുള്ള ഭരണപരവും തന്ത്രപരവുമായ അഭിപ്രായവ്യത്യാസങ്ങളും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബോർഡ് പ്രാതിനിധ്യം, ഗ്രൂപ്പിന്റെ തന്ത്രപരമായ ദിശ, ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഓഹരി സംബന്ധമായ വിഷയങ്ങൾ എന്നിവയിലും ഇരു വിഭാഗങ്ങൾക്കുമിടയിൽ അഭിപ്രായഭിന്നതകളുണ്ടെന്നാണ് റിപ്പോർട്ട്. ടാറ്റാ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരിയും ടാറ്റാ ട്രസ്റ്റുകളുടെ കൈവശമാണ്.

ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമോ എന്നതും പ്രധാന തർക്കവിഷയങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടാറ്റാ സൺസ് അൺലിസ്റ്റഡായി തുടരുമെന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻപ് ചർച്ചയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ചന്ദ്രശേഖരന്റെ തീരുമാനത്തിന് പിന്നാലെ പ്രധാന ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലും ഇടിവുണ്ടായി. ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഓഹരി 5 ശതമാനം വരെ താഴ്ന്നു. ടാറ്റാ സ്റ്റീൽ ഏകദേശം 1.75 ശതമാനവും ടാറ്റാ പവർ 1.28 ശതമാനവും ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ഏകദേശം 2.5 ശതമാനവും ഇടിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

സ്ഥാനമാറ്റം സുഗമമാക്കുന്നതിനായി പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ചന്ദ്രശേഖരൻ ടാറ്റാ സൺസ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ജനുവരിയിൽ ടാറ്റാ സൺസിന്റെ ചെയർമാനായ ചന്ദ്രശേഖരൻ, ഗ്രൂപ്പിൽ നാല് പതിറ്റാണ്ടോളം പ്രവർത്തിച്ച വ്യക്തിയാണ്.

Leave a Reply