കോതമംഗലം: തങ്കളം–കോഴിപ്പിള്ളി ബൈപ്പാസ് റോഡ് സെപ്റ്റംബറിൽ ഗതാഗതയോഗ്യമാക്കുമെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.

ബ്ലാവന പാലത്തിന്റെ നിർമാണ നടപടികൾ വേഗത്തിലാക്കുന്നതിനായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ വനംവകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കും. സോയിൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കാനും തീരുമാനമായി.

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി പത്ത് വർഷത്തിന് ശേഷം പുതിയ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. ഭരണാനുമതിക്കായി ഡി.പി.ആർ ചീഫ് എൻജിനീയർക്കും സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർക്കും സമർപ്പിച്ചതായും എംഎൽഎ അറിയിച്ചു.
വിവിധ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ഡിസംബർ 31നകം പൂർത്തിയാക്കും. ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ള എല്ലാ പദ്ധതികൾക്കും അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ നിർമാണ പദ്ധതികളുടെ പുരോഗതിയും തടസ്സങ്ങളും യോഗത്തിൽ വിലയിരുത്തി.