
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എം.പി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയരുന്ന “എം.പി. ഫണ്ട് ചെലവഴിച്ചില്ല” എന്ന പ്രചാരണം വസ്തുതകൾ മറച്ചുവെച്ചുള്ള രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ഫണ്ട് വിനിയോഗത്തിന്റെ കണക്കുകൾ പുറത്തുവിട്ടാണ് എം.പി.യുടെ വിശദീകരണം.

ആകെ 17.2 കോടി രൂപയുടെ MPLADS വിഹിതത്തിൽ 13 കോടി രൂപയുടെ പദ്ധതികൾ ഇതിനകം ശുപാർശ ചെയ്തിട്ടുണ്ട്. ഇത് അനുവദിച്ച തുകയുടെ 75.4 ശതമാനമാണെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
ബാക്കിയുള്ള 4.2 കോടി രൂപയുടെ പ്രവർത്തികളുടെ പണം ബന്ധപ്പെട്ട വെൻഡർമാർക്കും നിർവഹണ ഏജൻസികൾക്കും പൂർണ്ണമായി നൽകിയിട്ടുണ്ട്. അതിനാൽ ഈ തുക ഫണ്ടിൽ കിടക്കുന്ന പണമല്ലെന്നും പ്രവർത്തികളായി മാറി പേയ്മെന്റ് പൂർത്തിയായ തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനകം 58 പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും 1.5 കോടി രൂപയുടെ പ്രവർത്തികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും എം.പി. അറിയിച്ചു.
വികസന പ്രവർത്തികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. 2024-ൽ അഞ്ച് പ്രവർത്തികളുണ്ടായിരുന്നത് 2025-ൽ 71 ആയും 2026-ൽ 82 ആയും ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
MPLADS പദ്ധതികളിൽ എം.പി.യുടെ ശുപാർശയ്ക്ക് ശേഷം ഭരണാനുമതി, സാങ്കേതിക അനുമതി, ടെൻഡർ, നിർവഹണം, അളവെടുപ്പ്, ബിൽ പരിശോധന, പേയ്മെന്റ് തുടങ്ങിയ വിവിധ നടപടിക്രമങ്ങളിലൂടെയാണ് പദ്ധതികൾ മുന്നോട്ട് പോകുന്നത്. അതിനാൽ ഒരു ഘട്ടത്തിലെ പോർട്ടൽ കണക്ക് മാത്രം ഉയർത്തിക്കാട്ടി ഫണ്ട് ചെലവഴിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാർത്ഥ്യത്തെ വളച്ചൊടിക്കലാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പരമാവധി പദ്ധതികൾ കൊണ്ടുവരികയും അവ സമയബന്ധിതമായി പൂർത്തിയാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി വാക്കുകളിലല്ല, കണക്കുകളിലും പൂർത്തിയായ വികസന പ്രവർത്തികളിലുമാണ് നൽകേണ്ടതെന്നും എം.പി. പറഞ്ഞു.
17.2 കോടിയിൽ 13 കോടി രൂപ പദ്ധതികളായി ശുപാർശ ചെയ്തു, 4.2 കോടി രൂപയുടെ പേയ്മെന്റ് പൂർത്തിയായി, 58 പദ്ധതികൾ പൂർത്തിയായി, 2026-ൽ മാത്രം 82 പ്രവർത്തികൾ റിപ്പോർട്ട് ചെയ്തു—ഇതാണ് മാവേലിക്കരയിലെ യഥാർത്ഥ വികസന ചിത്രമെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.