You are currently viewing പാമ്പൻ പാലത്തിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യുവതിയെ തിരിച്ചറിഞ്ഞു; പാലക്കാട് സ്വദേശിനി ശിഫാന ചികിത്സയിൽ

പാമ്പൻ പാലത്തിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യുവതിയെ തിരിച്ചറിഞ്ഞു; പാലക്കാട് സ്വദേശിനി ശിഫാന ചികിത്സയിൽ

തമിഴ്നാട്ടിലെ രാമേശ്വരം പാമ്പൻ റെയിൽവേ പാലത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടിയ യുവതിയെ തിരിച്ചറിഞ്ഞു. പാലക്കാട് മുണ്ടൂർ സ്വദേശിനി ശിഫാനയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി രാമനാഥപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.

നവംബർ 15 ഞായറാഴ്ച രാവിലെയാണ് സംഭവം. പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് പോകുകയായിരുന്ന അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ശിഫാന. ട്രെയിൻ പാമ്പൻ പാലത്തിലൂടെ കടന്നുപോകുന്നതിനിടെ യുവതി പുറത്തേക്ക് ചാടുകയായിരുന്നു.

കടലിലേക്ക് വീഴാതെ പാലത്തിലെ സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു യുവതി. വിവരമറിഞ്ഞെത്തിയ റെയിൽവേ പൊലീസ് ഉടൻ രക്ഷാപ്രവർത്തനം നടത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടുത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന യുവതിയെ പിന്നീട് തിരിച്ചറിയുകയായിരുന്നു.

യുവതി ട്രെയിനിൽനിന്ന് ചാടാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply