
തിരുവനന്തപുരം: നഗരഹൃദയത്തിലുള്ള തിരുവനന്തപുരം മൃഗശാല അവിടെനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. തിരുവനന്തപുരത്ത് നടന്ന ‘റീഇമാജിനിങ് കേരളം’ പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നഗരമധ്യത്തിൽ മൃഗങ്ങളെ പാർപ്പിക്കുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നും, മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മൃഗശാല നഗരത്തിൽ നിന്നും മാറ്റി നെയ്യാറോ പാലോട് ഭാഗമോ പോലെയുള്ള വനമേഖലയോട് ചേർന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
പുതിയ സ്ഥലത്ത് മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നത് തന്റെ ഒരു സ്വപ്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
മൃഗശാല നിലവിലിരിക്കുന്ന സ്ഥലം അമേരിക്കയിലെ മാഡിസൺ സ്ക്വയർ പോലെ അതിമനോഹരമായ ഒരു പൊതുഇടമാക്കി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.
വികസന ആശയങ്ങളെ നടപ്പിലാക്കാവുന്ന പദ്ധതികളാക്കി മാറ്റുന്നതിനായി രൂപീകരിച്ച വേദിയാണ് ‘റീഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസുകൾ’. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിദഗ്ധർ, സർക്കാർ ഏജൻസികൾ, വ്യവസായ പ്രതിനിധികൾ, ധനസഹായ ഏജൻസികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് സതേൺ കേരള ഇക്കണോമിക് കോറിഡോർ, സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ, ഗ്ലോബൽ ഗോൾഡ് ഹബ്, മലയാളം എഐ പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളുടെ കാഴ്ചപ്പാടും നടപ്പാക്കൽ തന്ത്രവും ചർച്ച ചെയ്യുന്ന മൂന്ന് ദിവസത്തെ പരിപാടിയാണിത്.
1857-ൽ സ്ഥാപിതമായ, രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും വലുതുമായ മൃഗശാലകളിലൊന്നാണ് തിരുവനന്തപുരം മൃഗശാല. നൂറിലധികം വർഷം പഴക്കമുള്ള ഈ സ്ഥാപനം മാറ്റാനുള്ള നിർദേശം വിശാലമായ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.