You are currently viewing തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു; 75 വയസ് തികയുന്നതിന് മുന്നോടിയായി രാജിക്കത്ത് നൽകി

തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു; 75 വയസ് തികയുന്നതിന് മുന്നോടിയായി രാജിക്കത്ത് നൽകി

തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നതിനായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന് രാജിക്കത്ത് സമർപ്പിച്ചു. കത്തോലിക്കാ സഭയുടെ നിയമപ്രകാരം മെത്രാന്മാർ 75 വയസ് പൂർത്തിയാകുമ്പോൾ സ്ഥാനമൊഴിയണമെന്ന വ്യവസ്ഥ പാലിച്ചാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നത്.

2026 ഡിസംബർ 13-ന് മാർ ആൻഡ്രൂസ് താഴത്തിന് 75 വയസ് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സ്വമേധയാ സ്ഥാനമൊഴിയാനുള്ള തീരുമാനം. രാജിക്കത്ത് സഭാ നേതൃത്വത്തിന്റെ പരിഗണനയിലാണ്.

പുതിയ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ അടുത്ത വർഷം നടക്കുമെന്നാണ് റിപ്പോർട്ട്. 2027 ജനുവരിയിൽ ചേരുന്ന സീറോ മലബാർ സഭാ സിനഡിൽ പുതിയ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുമെന്നാണ് സൂചന.

മാർ ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായി തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലംകാവിൽ, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നവംബർ 30-ന് സംഘടിപ്പിക്കുന്നുണ്ട്.

2004-ൽ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാർ ആൻഡ്രൂസ് താഴത്ത് 2007 മാർച്ച് 18 മുതലാണ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി സേവനം ആരംഭിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും കത്തോലിക്കാ മെത്രാൻ സമിതിയായ സി.ബി.സി.ഐയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

രാജി ഔദ്യോഗികമായി അംഗീകരിക്കുകയും പിൻഗാമിയെ പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ മാറ്റമുണ്ടാകും.

Leave a Reply