You are currently viewing അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു

അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു

അടിമാലി: സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു. തിരുവനന്തപുരം പാറശാല നിലാംമാംമൂട് ലക്ഷംവീട് കോളനിയിൽ സുജിത്ത് (25) ആണ് മരിച്ചത്.

കന്യാകുമാരിയിലെ അണ്ണൈ കോളേജിൽനിന്നുള്ള വിദ്യാർഥികളുമായി മൂന്നാറിലെത്തിയ ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു സുജിത്ത്. ഏഴ് ടൂറിസ്റ്റ് ബസുകളിലായാണ് സംഘം കഴിഞ്ഞ വ്യാഴാഴ്ച കന്യാകുമാരിയിൽനിന്ന് യാത്ര തിരിച്ചത്. വെള്ളിയാഴ്ച മറയൂരിൽ താമസിച്ച സംഘം ശനിയാഴ്ച മൂന്നാർ സന്ദർശിച്ചശേഷം മടങ്ങുന്നതിനിടെയാണ് അടിമാലിയിലെത്തിയത്.

അടിമാലി പാൽക്കോ പമ്പിന് സമീപം പുതുതായി പ്രവർത്തനം ആരംഭിച്ച സ്വകാര്യ ടൂറിസ്റ്റ് ഹോമിലായിരുന്നു രണ്ട് ബസുകളിലെ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. പുലർച്ചെ 1.30ഓടെ നാലു ജീവനക്കാർ ലോഡ്ജിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ മുറിയിലെത്തി. ഭക്ഷണം കഴിച്ചശേഷം പുലർച്ചെ 3.30ഓടെ നാലുപേരും ഒരുമിച്ച് ഉറങ്ങാൻ കിടന്നതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

രാവിലെ ഉണർന്നപ്പോൾ സുജിത്തിനെ മുറിയിൽ കാണാനില്ലായിരുന്നു. മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് കെട്ടിടത്തിന് താഴെ സുജിത്തിനെ കണ്ടെത്തിയത്. കെട്ടിടത്തിന് താഴെയുള്ള തകരഷീറ്റ് കൊണ്ടുള്ള മറയിൽ ശരീരം പതിച്ച നിലയിലായിരുന്നു. വയറിൽ ആഴത്തിലുള്ള മുറിവേറ്റും രക്തം വാർന്നും മരിച്ച നിലയിലാണ് സുജിത്തിനെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് അടിമാലി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇടുക്കിയിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ ഉറക്കമുണർന്ന സുജിത്ത് അഴികളില്ലാത്ത ജനലിലൂടെ അബദ്ധത്തിൽ പുറത്തേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply