You are currently viewing ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കേരളത്തിൽ; പുന്നമടക്കായലിൽ ഹൗസ്‌ബോട്ട് സവാരി നടത്തി

ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കേരളത്തിൽ; പുന്നമടക്കായലിൽ ഹൗസ്‌ബോട്ട് സവാരി നടത്തി

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും മകൾ ടിഫാനി ട്രംപിന്റെ ഭർത്താവുമായ മൈക്കിൾ ബൂലോസ് വ്യക്തിപരമായ സന്ദർശനത്തിനായി കേരളത്തിലെത്തി. ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോറിനൊപ്പമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബൂലോസിന് കേരളത്തിൽ സംസ്ഥാന അതിഥി പദവി നൽകി. സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഔദ്യോഗിക സന്ദർശനമല്ലെന്നും സുഹൃത്തായ യു.എസ്. അംബാസഡർ സെർജിയോ ഗോറിനെ കാണുന്നതിനായുള്ള വ്യക്തിപരമായ യാത്രയാണെന്നുമാണ് ലഭിക്കുന്ന വിവരം. കേരളത്തിലെത്തിയ ശേഷം അദ്ദേഹം ആലപ്പുഴയിലെ പുന്നമടക്കായലിൽ ഹൗസ്‌ബോട്ട് സവാരി നടത്തി. കനത്ത മഴയ്ക്കിടയിലും ഹൗസ്‌ബോട്ട് യാത്ര ആസ്വദിച്ചതായാണ് വിവരം.

കൊച്ചിയിലെ മട്ടാഞ്ചേരി ജൂ ടൗണും അദ്ദേഹം സന്ദർശിച്ചു. ചരിത്രപ്രസിദ്ധമായ പരദേശി സിനഗോഗിലും ബൂലോസ് എത്തി.

അതേസമയം, യു.എസ്. അംബാസഡർ സെർജിയോ ഗോർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും നിക്ഷേപ അവസരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ ഈ ഔദ്യോഗിക ചർച്ചയിൽ മൈക്കിൾ ബൂലോസ് പങ്കെടുത്തിരുന്നില്ലെന്ന് ബന്ധപ്പെട്ട ഓഫീസുകൾ വ്യക്തമാക്കി. ബൂലോസിന്റെ കേരള സന്ദർശനം വ്യക്തിപരമായതാണെന്നും ഔദ്യോഗിക ചർച്ചകളുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply