
അമേരിക്കയിലെ കാലിഫോർണിയയിലെ മിൽപിറ്റാസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് സ്വദേശിനി അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ മേരി മാത്യു (ആനി ജേക്കബ്–35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തും അതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസക്കാരിയുമായ അനില എന്ന മലയാളി യുവതിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആൻ മേരിയുടെ ഫ്ലാറ്റിൽ കയറിയ പ്രതി അവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആൻ മേരിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് അഞ്ജനയെ അപ്പാർട്ട്മെന്റിന് താഴേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവശേഷം കാർ നിർത്താതെ പോയി. അഞ്ജനയുടെ ഭർത്താവ് വിജീഷ് വാഹനത്തെ തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.
കൊല്ലപ്പെട്ട അഞ്ജനയും ആൻ മേരിയും പ്രതിയായ അനിലയും കുടുംബസമേതം ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ജനയും ഭർത്താവും എട്ട് വർഷത്തോളമായി കാലിഫോർണിയയിൽ താമസിച്ചുവരികയായിരുന്നു. അഞ്ജന അധ്യാപികയായും ആൻ മേരി എൻജിനീയറായും ജോലി ചെയ്തിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് യുഎസ് പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി നോർക്ക വഴി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ജില്ലാ അധികൃതർ അറിയിച്ചു.