
ആലപ്പുഴ: കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശികളായ മുഹമ്മദ് സബീൻ (17), റിൻഷാദ് (19) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷിജാസ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മൂന്നരയോടെയാണ് അപകടം. മൂന്ന് യുവാക്കൾ ഹെൽമെറ്റ് ധരിക്കാതെ അമിതവേഗത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. തെറ്റായ ദിശയിലൂടെ എത്തിയ ബൈക്ക് റോഡിലുണ്ടായിരുന്ന തെരുവുനായയെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സബീനും റിൻഷാദും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബൈക്ക് മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി പ്രമോദിന്റെ വീടിന് മുന്നിൽ പൂട്ടിയിട്ടിരുന്നതാണ്. ഹാൻഡ് ലോക്ക് തകർത്താണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ പോലീസ് ബൈക്കിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്.
അപകടസ്ഥലത്ത് നിന്ന് 25ഓളം സിഗരറ്റ് പാക്കറ്റുകളും പോലീസ് കണ്ടെത്തി. അപകടത്തിന് തൊട്ടുമുമ്പ് പ്രദേശത്തെ ഒരു പെട്ടിക്കട കുത്തിത്തുറന്ന് സിഗരറ്റുകൾ മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.
സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാക്കൾ സഞ്ചരിച്ച വഴിയും മോഷണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.