You are currently viewing ഇറാന്റെ ഡ്രോൺ തകർത്തു; പരമാധികാര ലംഘനമെന്ന് യുഎഇ

ഇറാന്റെ ഡ്രോൺ തകർത്തു; പരമാധികാര ലംഘനമെന്ന് യുഎഇ

അബുദാബി: യുഎഇയുടെ ജലപരിധിക്ക് മുകളിലൂടെ ഇറാൻ വിക്ഷേപിച്ച ഡ്രോൺ യുഎഇ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. ഓഗസ്റ്റ് 31ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്റെ നടപടിയെ യുഎഇ രൂക്ഷമായി അപലപിച്ചത്.

യുഎഇയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ലംഘനമാണ് സംഭവമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും യുഎഇ മുന്നറിയിപ്പ് നൽകി.

യുഎഇക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും മന്ത്രാലയം ഇറാനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഉചിതമായ രീതിയിൽ പ്രതികരിക്കാനുള്ള അവകാശം യുഎഇക്കുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും യുഎഇ വ്യക്തമാക്കി.

2026ൽ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ഹോർമുസ് കടലിടുക്കിന് സമീപം ഡ്രോൺ, മിസൈൽ സംഭവങ്ങൾ ആവർത്തിച്ചതും മേഖലയിൽ നേരിട്ടുള്ള ആക്രമണങ്ങൾ ഉണ്ടായതും സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ യുഎഇ നേരത്തെ സ്വീകരിച്ചിരുന്നു.

പുതിയ ഡ്രോൺ സംഭവം ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമാക്കുകയാണ്. മേഖലയിലെ കപ്പൽഗതാഗതവും ഊർജവിതരണവും നേരിട്ട് ബാധിക്കാവുന്ന തരത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Leave a Reply