ന്യൂഡൽഹി: ‘വന്ദേ മാതരം’ പൂർണരൂപത്തിൽ ആലപിക്കാതെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീരുമാനം രാജ്യവിരുദ്ധവും പാർലമെന്റ് പാസാക്കിയ നിയമത്തോടുള്ള പരസ്യമായ അവഗണനയുമാണെന്ന് അമിത് ഷാ ആരോപിച്ചു.

1937ൽ വോട്ട് ബാങ്ക് പ്രീണനത്തിനായി കോൺഗ്രസ് തന്നെയാണ് ‘വന്ദേ മാതരം’ രണ്ട് ഭാഗങ്ങളായി വിഭജിച്ചതെന്ന് അമിത് ഷാ ആരോപിച്ചു. ഇതോടെ ദ്വിരാഷ്ട്ര വാദത്തിന് ശക്തി ലഭിക്കുകയും രാജ്യവിഭജനത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

‘വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികത്തിൽ നരേന്ദ്ര മോദി സർക്കാർ ഈ ചരിത്രപരമായ തെറ്റ് തിരുത്തുകയും ഗാനത്തിന് നിയമപരമായ അംഗീകാരം നൽകുകയും ചെയ്തതായി അമിത് ഷാ അവകാശപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വീണ്ടും വോട്ട് ബാങ്ക് പ്രീണനത്തിന്റെ പാതയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.
‘വന്ദേ മാതരം’ വിഭജിച്ച തെറ്റ് ഒരിക്കൽ സംഭവിച്ചപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം അനുഭവിച്ചുകഴിഞ്ഞു. കോൺഗ്രസിന്റെ ഇത്തരം പ്രീണന രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.