You are currently viewing ഐവറി കോസ്റ്റിൽനിന്ന് 1,500 ടൺ റബ്ബർ; വിഴിഞ്ഞത്ത് 60 കണ്ടെയ്നറുകൾ എത്തി

ഐവറി കോസ്റ്റിൽനിന്ന് 1,500 ടൺ റബ്ബർ; വിഴിഞ്ഞത്ത് 60 കണ്ടെയ്നറുകൾ എത്തി

വിഴിഞ്ഞം: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽനിന്ന് എംആർഎഫിനായി ഇറക്കുമതി ചെയ്ത 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബറുമായി 60 കണ്ടെയ്നറുകൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ഐസിഡി) നടത്തുന്ന ആദ്യത്തെ പ്രധാന ഇറക്കുമതി ചരക്കുനീക്കമാണിത്.

മുംബൈ തുറമുഖം വഴി ചരക്കുകൾ എത്തിക്കാൻ വേണ്ടിവരുന്ന ഏകദേശം ഒരു മാസത്തെ കാലതാമസം ഒഴിവാക്കാൻ പുതിയ ചരക്കുനീക്ക സംവിധാനം സഹായിക്കും. ഇതോടെ ഇറക്കുമതി നടപടികൾ വേഗത്തിലാക്കാനും ഗതാഗതച്ചെലവ് കുറയ്ക്കാനും സാധിക്കും.

കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയശേഷം റബ്ബർ കൊച്ചിയിലെ എംആർഎഫ് വെയർഹൗസിലെത്തിക്കും. ഇറക്കുമതിക്കായി ഉപയോഗിച്ച കണ്ടെയ്നറുകൾ ചരക്കിറക്കിയശേഷം കയറ്റുമതിക്കും പ്രയോജനപ്പെടുത്താനാകും. ഇത് സമയവും ചെലവും ലാഭിക്കുന്നതിനൊപ്പം കണ്ടെയ്നറുകളുടെ കാര്യക്ഷമമായ ഉപയോഗത്തിനും വഴിയൊരുക്കും.

കോട്ടയം ഐസിഡിയുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും കേരളത്തിലെ തുറമുഖം, വ്യാപാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനും ഈ നീക്കം സഹായകമാകും. വിഴിഞ്ഞം തുറമുഖത്തെ ദേശീയ-അന്തർദേശീയ ചരക്കുഗതാഗത ശൃംഖലയുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനൊപ്പം മിഷൻ സമുദ്രയുടെ ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായും ഈ ചരക്കുനീക്കം വിലയിരുത്തപ്പെടുന്നു.

Leave a Reply