You are currently viewing 2500 കിലോമീറ്റർ നീണ്ട അന്വേഷണം; ഉടമ അറിയാതെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്

2500 കിലോമീറ്റർ നീണ്ട അന്വേഷണം; ഉടമ അറിയാതെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്

ലീസിനെടുത്ത ശേഷം ഉടമ അറിയാതെ പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി 2500 കിലോമീറ്ററോളം നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തി തിരുനെല്ലി പോലീസ്. ഏകദേശം 26 പേരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കേരളത്തിന് പുറത്തേക്ക് കടത്തിയ വാഹനമാണ് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പോലീസ് വീണ്ടെടുത്തത്.

വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, ടോൾ ബൂത്തുകളിലെ വിവരങ്ങൾ എന്നിവ വിശദമായി പരിശോധിച്ചാണ് പോലീസ് വാഹനത്തിന്റെ സഞ്ചാരപഥം കണ്ടെത്തിയത്. ഇതിനുപുറമെ നിരവധി പേരിൽനിന്ന് വിവരങ്ങളും ശേഖരിച്ചു. വാഹനം പൊളിച്ചുവിൽക്കാനുള്ള സാധ്യത നിലനിന്നിരുന്നതിനാൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയത് വാഹനം കണ്ടെത്തുന്നതിൽ നിർണായകമായി.

തമിഴ്‌നാട്ടിലെ സേലത്തുനിന്ന് ഏകദേശം 80 കിലോമീറ്ററോളം ഉള്ളിലുള്ള ഓമലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ടിപ്പർ ലോറി കണ്ടെത്തിയത്. തുടർന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

തിരുനെല്ലി സി.ഐ, എസ്.ഐ എന്നിവരുടെ നിർദേശപ്രകാരം സി.പി.ഒമാരായ ആർ. ജിതിൻ, ഇ.ജി. വിനായക് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ദീർഘദൂര അന്വേഷണത്തിലൂടെ വാഹനം കണ്ടെത്തിയ തിരുനെല്ലി പോലീസിന്റെ നടപടി ശ്രദ്ധേയമായി.

Leave a Reply