You are currently viewing ജയ്പൂരിൽ പ്രതികാരക്കൊലപാതകം; ഫോർച്യൂണർ കാറിൽ പിന്തുടർന്നെത്തി യുവാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു; നാല് പേർ അറസ്റ്റിൽ

ജയ്പൂരിൽ പ്രതികാരക്കൊലപാതകം; ഫോർച്യൂണർ കാറിൽ പിന്തുടർന്നെത്തി യുവാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു; നാല് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ പകവീട്ടലിന്റെ ഭാഗമായി 25കാരനായ യുവാവിനെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഹിസ്റ്ററി ഷീറ്റർ വിജയ് ബാജിയയെയാണ് അക്രമിസംഘം വാഹനത്തിൽ പിന്തുടർന്നെത്തി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. നവംബർ 11ന് കർധാനി മേഖലയിലായിരുന്നു സംഭവം.

ഫോർച്യൂണർ എസ്‌യുവിയിൽ യാത്ര ചെയ്യുകയായിരുന്ന വിജയ് ബാജിയയെ അക്രമികൾ ക്യാമ്പർ വാഹനത്തിലെത്തി പിന്തുടരുകയായിരുന്നു. തുടർന്ന് വാഹനത്തിൽ ഇടിച്ചുവീഴ്ത്തിയ ശേഷം പുറത്തേക്ക് ഇറങ്ങിയ സംഘം കോടാലികളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ വിജയ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. ജോബ്നർ സ്വദേശികളായ അനീഷ് ഗോല്യ (21), കമലേഷ് ഗോല്യ, ദിനേഷ് ചൗധരി, യുവരാജ് ചൗധരി എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് അനീഷ് ഗോല്യ.

2019ൽ അനീഷിന്റെ പിതാവ് കൈലാഷ് ഗോല്യയെ കൊലപ്പെടുത്തിയ കേസിൽ വിജയ് ബാജിയയ്ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് അനീഷ് കൂട്ടാളികളുമായി ചേർന്ന് വിജയിയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

ജോബ്നർ ഗ്രാമമേഖലയിൽ നിന്നുള്ള രണ്ട് കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply