You are currently viewing ആറ്റുകാൽ പൊങ്കാല ദിനത്തിലെ പരീക്ഷ മാറ്റണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനവുമായി രാജീവ് ചന്ദ്രശേഖർ

ആറ്റുകാൽ പൊങ്കാല ദിനത്തിലെ പരീക്ഷ മാറ്റണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിൽ നിശ്ചയിച്ചിരിക്കുന്ന പത്താം ക്ലാസ് ശാസ്ത്ര പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ എംഎൽഎ. 2027 ഫെബ്രുവരി 22-നാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് ശാസ്ത്ര പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അന്നേ ദിവസമാണ് ആറ്റുകാൽ പൊങ്കാലയും.

പരീക്ഷാ തീയതിയും പൊങ്കാലയും ഒരേ ദിവസം വന്നതോടെ തിരുവനന്തപുരം നഗരത്തിലെ നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും സ്കൂൾ അധികൃതരും ആശങ്ക അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല ദിനത്തിൽ നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ വലിയ നിയന്ത്രണങ്ങൾക്ക് വിധേയമാകും. റോഡുകൾ അടയ്ക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യുന്നതിനാൽ വിദ്യാർത്ഥികൾക്കും സ്കൂൾ ബസുകൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ ജീവനക്കാർക്കും സുഗമമായി യാത്ര ചെയ്യാൻ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധിയും പ്രഖ്യാപിക്കുന്നതിനാൽ പരീക്ഷാ നടത്തിപ്പും വിദ്യാർത്ഥികളുടെ യാത്രയും കൂടുതൽ ബുദ്ധിമുട്ടിലാകാൻ സാധ്യതയുണ്ട്.

പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇത്തരം സാഹചര്യങ്ങൾ മൂലമുള്ള അനാവശ്യ സമ്മർദ്ദം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി 22-ന് നിശ്ചയിച്ചിരിക്കുന്ന ശാസ്ത്ര പരീക്ഷ അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

Leave a Reply