
തൃശൂർ: വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കല്ലിങ്കൽ മേലേപ്പുര വീട്ടിൽ പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായിദീപ് (9), സായ്കൃഷ്ണ എന്ന സാംവിക് (7) എന്നിവരാണ് മരിച്ചത്.
സായിദീപ് മൂന്നാം ക്ലാസിലും സാംവിക് ഒന്നാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളെ പിന്നീട് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി. ഇതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിന്റെ സഹായത്തോടെ കുളത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.
തിരച്ചിലിനൊടുവിൽ കുളത്തിൽനിന്ന് രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഉടൻ തന്നെ കുട്ടികളെ വടക്കേക്കാട്ടെ ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.