
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പൂർണിമ ജെ. പ്രകാശിനെ (45) സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ ഇവരെ തിരുവനന്തപുരം പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
ദിവസങ്ങളായി അവധിയിലായിരുന്ന പൂർണിമ ബുധനാഴ്ച അവധി അവസാനിച്ചിട്ടും കോളേജിൽ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് വ്യാഴാഴ്ച സഹപ്രവർത്തകർ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. വീട് അടച്ചിട്ട നിലയിലായിരുന്നു. ഇതിനിടെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സഹപ്രവർത്തകർ പൂജപ്പുര പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കളാരും ജീവിച്ചിരിപ്പില്ലെന്നാണ് പ്രാഥമിക വിവരം. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ.