You are currently viewing പട്ടാഴി പോലീസ് സ്റ്റേഷന് ഭരണാനുമതി; ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം

പട്ടാഴി പോലീസ് സ്റ്റേഷന് ഭരണാനുമതി; ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം

പത്തനാപുരം: പത്തനാപുരം നിയോജകമണ്ഡലത്തിലെ പട്ടാഴിയിൽ പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എംഎൽഎ ജ്യോതികുമാർ ചാമക്കാല അറിയിച്ചു. ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ഉദ്ഘാടനം നടത്തി സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ ഭരണാനുമതിയിലെത്തിയത്. ജനപ്രതിനിധിയായ ശേഷമുള്ള ആദ്യ ഓഫീസ് പ്രഖ്യാപനമായിരുന്നു പട്ടാഴി പോലീസ് സ്റ്റേഷന്റേതെന്ന് എംഎൽഎ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ആദ്യം പ്രവർത്തനപഥത്തിലെത്തിയത് കരവൂരിലെ റാപ്പിഡ് റെസ്‌പോൺസ് ടീമും (ആർആർടി) പിന്നീട് പിറവന്തൂർ ആസ്ഥാനമായി ആരംഭിച്ച ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമാണെന്നും അദ്ദേഹം പറഞ്ഞു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ഉദ്ഘാടനവും ഉടൻ നടക്കും.

പത്തനാപുരം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെ നടപടികളും പുരോഗമിക്കുകയാണ്. ഇത്തരത്തിൽ മണ്ഡലത്തിൽ കൂടുതൽ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും എംഎൽഎ അറിയിച്ചു.

അതേസമയം, എഫ്‌ഡിആർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും അദ്ദേഹം മറുപടി നൽകി. റോഡിന്റെ പുനർനിർമാണത്തിനായി ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫയൽ സർക്കാരിന്റെ പരിഗണനയിലാണെന്നും ജ്യോതികുമാർ ചാമക്കാല വ്യക്തമാക്കി. നിലവിലുള്ള തടസ്സങ്ങൾ പരിഹരിച്ച് താമസിയാതെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply