
കോഴിക്കോട്: റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലിയെ (മുഹമ്മദ് ഡിലിജൻ്റ്) ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഗ് ബോസ് മലയാളം സീസൺ 4-ലെ റണ്ണറപ്പായ ബ്ലെസ്ലിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.

ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് കേസ്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോകറൻസിയായി മാറ്റി ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകൾ മറയ്ക്കുന്നതിനായി മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കോഴിക്കോട് കാക്കൂർ സ്വദേശിയുടെ പരാതിയിലാണ് കാക്കൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് കേസ് വിശദമായി അന്വേഷിച്ചുവരികയായിരുന്നു. ബ്ലെസ്ലിയുൾപ്പെടെ പത്ത് പേർ അടങ്ങിയ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അറസ്റ്റിന് ശേഷം ബ്ലെസ്ലിയെ തുടർനടപടികൾക്കായി കോഴിക്കോട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.