
കാസർകോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാല് വയസുകാരി മരിച്ചു. എളരിത്തട്ട് സ്വദേശിയായ ഋതു (4) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മൂർഖന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.

വീട്ടുമുറ്റത്ത് അടുക്കിവെച്ചിരുന്ന മരക്കഷ്ണങ്ങൾക്കിടയിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ കയ്യിൽ പാമ്പുകടിയേറ്റത്. ഉടൻ തന്നെ സംഭവം രക്ഷിതാക്കളെ അറിയിക്കുകയും കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയിരുന്നുവെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.