
ബേൺ, ഏപ്രിൽ 30: സ്വിറ്റ്സർലൻഡ് ജൂൺ 14-ന് നിർണായകമായ ഒരു റഫറണ്ടത്തിന് ഒരുങ്ങുകയാണ്. രാജ്യത്തിന്റെ ജനസംഖ്യയ്ക്ക് പരമാവധി പരിധി നിശ്ചയിക്കാനുള്ള വിവാദ നിർദ്ദേശമാണ് വോട്ടെടുപ്പിന് വരുന്നത്.

“നോ ടു ടെൻ മില്യൺ” എന്ന പേരിലുള്ള ഈ പദ്ധതി, 2050ഓടെ രാജ്യത്തിന്റെ സ്ഥിര താമസക്കാരുടെ എണ്ണം 10 മില്യണായി പരിമിതപ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്. കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളിലൂടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ നിർദ്ദേശം മുന്നോട്ടുവച്ചത് വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ സ്വിസ് പീപ്പിൾസ് പാർട്ടി ആണ്.
ഇപ്പോൾ സ്വിറ്റ്സർലൻഡിന്റെ ജനസംഖ്യ ഏകദേശം 9.1 മില്യൺ ആണ്, കഴിഞ്ഞ ഒരു ദശാബ്ദത്തിൽ 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏകദേശം 27 ശതമാനം ആളുകളും വിദേശത്ത് ജനിച്ചവരാണ്, ഇത് കുടിയേറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ കൂടുതൽ ശക്തമാക്കുകയാണ്.
നിർദ്ദേശം പാസായാൽ, ജനസംഖ്യ 9.5 മില്യണിൽ എത്തുമ്പോൾ തന്നെ വളർച്ച നിയന്ത്രിക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളേണ്ടിവരും. പുതിയ കുടിയേറ്റങ്ങളെ നിയന്ത്രിക്കുന്നതും യൂറോപ്പ്യൻ യൂണിനുമായുള്ള ആളുകളുടെ സ്വതന്ത്ര ഗതാഗത കരാറുകൾ പുനഃപരിശോധിക്കുന്നതും ഇതിൽ ഉൾപ്പെടാം.
അതേസമയം, സ്വിസ് സർക്കാർ ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നു. ഇത്തരം നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും നിലനിർത്താൻ കുടിയേറ്റം നിർണായകമാണെന്ന് അധികാരികൾ ചൂണ്ടിക്കാട്ടുന്നു.
ഈ വോട്ടെടുപ്പ് സ്വിറ്റ്സർലൻഡിന്റെ കുടിയേറ്റ നയത്തിലും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധങ്ങളിലും വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.