You are currently viewing ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന: ₹98,000 പിഴ ഈടാക്കി

ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന: ₹98,000 പിഴ ഈടാക്കി

ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി. ജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വ്യാപക പരിശോധനയില്‍ ₹98,000 പിഴ ഈടാക്കി. ഡിസംബര്‍ 12ന് ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ ശേഷം ഡിസംബര്‍ 20 വരെയുള്ള കാലയളവിലാണ് പരിശോധനകള്‍ നടന്നത്.

സന്നിധാനവും പരിസരങ്ങളും വൃത്തിയായി നിലനിർത്തുന്നതിനും തീര്‍ഥാടകരോട് നടക്കുന്ന ചൂഷണവും അമിതവില ഈടാക്കലും തടയുന്നതിനുമായി സ്‌ക്വാഡുകളും സാനിറ്റേഷന്‍ ടീമുകളും നിയോഗിച്ചിട്ടുണ്ട്. ലീഗല്‍ മെട്രോളജി, പഞ്ചായത്ത്, റവന്യൂ, സിവില്‍ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. ഉരല്‍ക്കുഴി മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

അമിതവില ഈടാക്കല്‍, വൃത്തിഹീനമായ സാഹചര്യങ്ങള്‍, അളവിലെ ക്രമക്കേടുകള്‍, പരിസര ശുചിത്വക്കുറവ്, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്. ഹോട്ടലുകളില്‍ വിലവിവര പട്ടികയുടെ പ്രദര്‍ശനം, ശുചിത്വപാലനം, തൊഴിലാളികളുടെ വ്യക്തിഗത ശുചിത്വം, ഹെല്‍ത്ത് കാര്‍ഡുകള്‍, ഭക്ഷ്യവസ്തുക്കളുടെ അളവും തൂക്കവും എന്നിവ വിശദമായി പരിശോധിച്ചു. തണുത്ത വെള്ളം നല്‍കരുതെന്നും ചൂടുവെള്ളം മാത്രം നല്‍കണമെന്നും, ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം കലര്‍ത്തരുതെന്നും സ്‌ക്വാഡ് നിര്‍ദേശം നല്‍കി. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും തലയില്‍ നെറ്റ് ധരിക്കണമെന്നും നിര്‍ദേശിച്ചു.

സ്വാമിമാര്‍ ആഴിയില്‍ നിക്ഷേപിക്കേണ്ട നെയ്‌തേങ്ങ ദേവസ്വം ജീവനക്കാരെന്ന പേരില്‍ ചിലര്‍ വാങ്ങി കൊപ്രാക്കളത്തില്‍ കച്ചവടം നടത്തിയ സംഭവത്തില്‍ നടപടി സ്വീകരിച്ചു. ബന്ധപ്പെട്ടവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ റദ്ദാക്കാന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കി. അനധികൃത ലോട്ടറി വില്‍പ്പനയ്‌ക്കെതിരെയും നടപടി ഉണ്ടായി. എക്‌സ്പയറി ഡേറ്റ് പ്രദര്‍ശിപ്പിക്കാത്ത ന്യൂഡില്‍സ് പാക്കറ്റുകള്‍ ശബരീപീഠത്തിലെ ഒരു ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തു.

സാനിറ്റേഷന്‍ സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ എല്ലാ പ്രദേശങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചീകരണം നടത്തി. മാളികപ്പുറത്തിന് സമീപത്തെ ഓടയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ സഹായത്തോടെ നീക്കം ചെയ്തു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി. ഷിബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply