
പൊന്നാനി: കേരളത്തിലൂടെ കടന്നുപോകുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊന്നാനിയിൽ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഈ ശ്രീധരന്റെ ഭാര്യ രാധ ഫെബ്രുവരി രണ്ടിന് രാവിലെ 9 മണിക്ക് നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.
അതിവേഗ റെയിൽ പദ്ധതിക്കായി കേന്ദ്രസർക്കാർ ആവശ്യപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനും പൊതുജന സമ്പർക്ക പ്രവർത്തനങ്ങൾക്കുമാണ് ഈ ഓഫീസ് ഉപയോഗിക്കുക. പദ്ധതിയുടെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സംശയനിവാരണത്തിലും ഓഫീസ് പ്രധാന പങ്ക് വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏകദേശം 430 കിലോമീറ്റർ ദൂരത്തിലാണ് അതിവേഗ റെയിൽ പാത നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഈ പാതയിൽ ട്രെയിനുകൾക്ക് പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. പദ്ധതി യാഥാർഥ്യമായാൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നര മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കാനാകും എന്നാണ് കണക്കുകൂട്ടൽ.
പാതയിലുടനീളം മൊത്തം 22 സ്റ്റേഷനുകൾ ഉണ്ടാകും. പരിസ്ഥിതി ബാധ കുറയ്ക്കുന്നതിന്റെ ഭാഗമായി റെയിൽപാത തൂണുകളിലോ ഭൂഗർഭമായോ ആയിരിക്കും നിർമിക്കുക.
പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡിഎംആർസി) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, ഒൻപത് മാസത്തിനകം ഡിപിആർ സമർപ്പിക്കുമെന്നും ഈ ശ്രീധരൻ അറിയിച്ചു.