
നെയ്യാർ ഡാം: നെയ്യാർ ഡാം റിസർവോയറിൽ ചാടി കാണാതായ നേമം സ്വദേശിനി ശരണ്യ (32)യുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് കാണാതായ യുവതിക്കായി മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്കൂബ ടീമിന് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് സാധാരണ സന്ദർശകയായി അകത്ത് പ്രവേശിച്ച യുവതി പിന്നീട് റിസർവോയറിന് സമീപത്തേക്ക് പോയതായി അധികൃതർ അറിയിച്ചു. അണക്കെട്ടിന്റെ കൈവരിക്ക് സമീപത്ത് യുവതി എത്തിയ സ്കൂട്ടറും, മുകളിൽ മൊബൈൽ ഫോണും പേഴ്സും കണ്ടെത്തിയിരുന്നു. താഴെയുള്ള ഭാഗത്തുനിന്ന് ചെരിപ്പുകളും ലഭിച്ചു.
യുവതിക്കായി ഇന്നലെ രാത്രി വൈകുവോളം നെയ്യാർ ഡാം പൊലീസും ഫയർഫോഴ്സും ഇറിഗേഷൻ വകുപ്പും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ സ്കൂബ ടീമിനെ എത്തിച്ച് തിരച്ചിൽ പുനരാരംഭിച്ചതിനുശേഷം ആണ് മൃതദേഹം കണ്ടെത്തിയത്.