You are currently viewing മുതലപ്പൊഴി ഹാർബർ പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ; നാളെ മന്ത്രിയുടെ സന്ദർശനം

മുതലപ്പൊഴി ഹാർബർ പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ; നാളെ മന്ത്രിയുടെ സന്ദർശനം

മുതലപ്പൊഴി ഹാർബറുമായി ബന്ധപ്പെട്ട് കാലങ്ങളായി ഉയർന്നുവരുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫിഷറീസ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായി ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് അറിയിച്ചു. വിഷയത്തിൽ ജനകീയ നിവേദനവും മന്ത്രിക്ക് കൈമാറിയതായി അവർ വ്യക്തമാക്കി.

മുതലപ്പൊഴി ഹാർബറിലെ സുരക്ഷാ പ്രശ്നങ്ങൾ, മണൽത്തിട്ട രൂപപ്പെടൽ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ചർച്ച നടന്നത്. വർഷങ്ങളായി പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിച്ചതായും എം.എൽ.എ പറഞ്ഞു.

ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നാളെ നേരിട്ട് മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. പ്രദേശവാസികളുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ആശയവിനിമയം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ചിറയിൻകീഴിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിലൊന്നായ മുതലപ്പൊഴി ഹാർബർ വിഷയത്തിൽ ഈ സന്ദർശനം നിർണായകമാകുമെന്നും, ജനങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന ശാശ്വത പരിഹാരത്തിലേക്ക് ഇത് വഴിതെളിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Leave a Reply