അമേരിക്കയിൽ ജനനാവകാശ പൗരത്വം (Birthright Citizenship) ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയ നിരവധി “ബർത്ത് ടൂറിസം” ശൃംഖലകൾക്കെതിരെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യാപക നടപടിയുമായി രംഗത്തെത്തി. പശ്ചിമ ആഫ്രിക്ക, വടക്കൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന ഇത്തരം ശൃംഖലകളെ തകർത്തതായും ഇതുമായി ബന്ധപ്പെട്ട് 600-ലധികം വിസകൾ റദ്ദാക്കിയതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതി പ്രകാരം യു.എസ്. മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം ലഭിക്കുന്ന വ്യവസ്ഥ പ്രയോജനപ്പെടുത്താൻ വിദേശ പൗരന്മാരെ സഹായിക്കുന്നതായിരുന്നു ഈ ശൃംഖലകളുടെ പ്രവർത്തനം. ഗർഭിണികളായ സ്ത്രീകൾക്ക് അമേരിക്കയിലേക്ക് യാത്ര ക്രമീകരിക്കൽ, വ്യാജ രേഖകൾ തയ്യാറാക്കൽ, കുടിയേറ്റ ഉദ്യോഗസ്ഥരോട് എന്ത് മറുപടി പറയണമെന്ന് പരിശീലനം നൽകൽ തുടങ്ങിയ സേവനങ്ങളാണ് ഇവർ നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇത്തരം പ്രവർത്തനങ്ങൾ അമേരിക്കയുടെ ദീർഘകാല വിസാ നിയമങ്ങളുടെ ലംഘനമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. 2020 മുതൽ ഈ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കിവരികയാണെന്നും അധികൃതർ അറിയിച്ചു.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നടപടികൾ ഡാറ്റാ വിശകലന സംവിധാനങ്ങളുടെയും വിവിധ രാജ്യങ്ങളിലെ പ്രാദേശിക ഏജൻസികളുമായുള്ള സഹകരണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. ഭാവിയിലും സമാനമായ ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, അമേരിക്കയിൽ ജനനാവകാശ പൗരത്വവുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. പൗരത്വമില്ലാത്ത മാതാപിതാക്കളുടെ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിലവിലെ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 2025-ലെ എക്സിക്യൂട്ടീവ് ഉത്തരവ് നിലവിൽ യു.എസ്. സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.