You are currently viewing കൊട്ടാരക്കരയിൽ ആറുവയസ്സുകാരി കിണറ്റിൽ വീണ്  മരിച്ചു

കൊട്ടാരക്കരയിൽ ആറുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

കൊട്ടാരക്കരയിൽ ആറുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ച സംഭവം നാടിനെ നടുക്കി. എഴുകോൺ കരീപ്ര സ്വദേശിയായ എ. അവന്തികയാണ് മരിച്ചത്. ഉളകോട് ചരുവിള വീട്ടിൽ നിന്നുള്ള ടി. അനന്തുവിന്റെയും ജി. ഗീതുവിന്റെയും ഏകമകളാണ് അവന്തിക. മുളവൂർക്കോണം കുപ്പണ രതീഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 2.30ഓടെയായിരുന്നു ദാരുണ സംഭവം. സംഭവസമയത്ത് അമ്മയും കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിനുപുറത്ത് പോയ അമ്മ പപ്പായ പറിക്കാനായി തോട്ട എടുക്കാൻ പോയ സമയത്ത്, കിണറിന് സമീപമുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിൽ പിടിച്ച് കയറാൻ കുട്ടി ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് അവന്തിക കിണറ്റിലേക്ക് വീണു.

കുഞ്ഞ് കിണറ്റിലേക്ക് വീഴുന്നത് കണ്ട അമ്മ ഗീതു ഓടിയെത്തി കൈകളിൽ പിടിച്ചെങ്കിലും പിടിവഴുതി കുട്ടി കിണറിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു. അമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരിൽ ഒരാൾ ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് നെടുമൺകാവ് സി.എച്ച്.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മടന്തകോട് ഇ.വി. യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അവന്തിക. എഴുകോൺ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കുരുന്നിന്റെ അപ്രതീക്ഷിത വേർപാട് പ്രദേശവാസികളെ ദുഖത്തിലാഴ്ത്തി.

Leave a Reply